Restaurant Style Poori Masala : എല്ലാദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരത്തിൽ തയ്യാറാക്കി നോക്കാവുന്ന ഒരു പലഹാരമാണ് പൂരിയെങ്കിലും ധാരാളം എണ്ണ ഉപയോഗിക്കുന്നതു കൊണ്ട് പലർക്കും പൂരി ഉണ്ടാക്കാനായി അധികം താല്പര്യമുണ്ടായിരിക്കില്ല. എന്നാൽ അധികം എണ്ണ കുടിക്കാതെ തന്നെ നന്നായി പൊന്തി വരുന്ന രീതിയിൽ പൂരിയും അതിനോടൊപ്പം കഴിക്കാവുന്ന ഒരു കിടിലൻ ഉരുളക്കിഴങ്ങ് മസാലയും എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
- ഗോതമ്പ് പൊടി – 1 കപ്പ്
- മൈദ – 1/2 കപ്പ്
- റവ – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറുത്തെടുക്കാൻ ആവശ്യമായത്
- വെള്ളം – ഏകദേശം അരക്കപ്പ്
ആദ്യം തന്നെ ഒരു പാത്രമെടുത്ത് അതിലേക്ക് എടുത്തു വച്ച ഗോതമ്പുപൊടിയും,മൈദ പൊടിയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് ഉപ്പും, റവയും ചേർത്ത് നല്ലതുപോലെ ഇളക്കി സെറ്റ് ചെയ്തെടുക്കുക. എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ആയി കഴിയുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ എണ്ണ കൂടി ചേർത്ത് ഒന്ന് കുഴച്ചെടുക്കുക. ശേഷം മാവ് കുഴച്ചെടുക്കാനായി വെള്ളം കുറേശ്ശെയായി ചേർത്ത് കൊടുക്കുക. അത്യാവശ്യം സോഫ്റ്റ് ആയ രൂപത്തിൽ മാവ് ആയി കിട്ടുമ്പോൾ കുഴക്കൽ നിർത്താവുന്നതാണ്. മാവിനു മുകളിൽ അല്പം എണ്ണ കൂടി തടവി അടച്ച് വയ്ക്കാവുന്നതാണ്. മാവൊന്ന് സെറ്റായി കിട്ടിക്കഴിഞ്ഞാൽ ചെറിയ ഉരുളകൾ ആക്കി കൈ ഉപയോഗിച്ചോ അല്ലെങ്കിൽ ചപ്പാത്തി മേക്കർ ഉപയോഗിച്ചോ പരത്തിയെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നല്ല രീതിയിൽ തിളച്ചു തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച മാവ് അതിലിട്ട് പൂരി വറുത്തെടുക്കാം. ഈയൊരു രീതിയിൽ തയ്യാറാക്കി വച്ച് മാവ് മുഴുവനായും ഉപയോഗിച്ച് പൂരികൾ ഉണ്ടാക്കിയെടുക്കാവുന്നതാണ്.
ആദ്യം തന്നെ കറി തയ്യാറാക്കാൻ ആവശ്യമായ ഉരുളക്കിഴങ്ങ് കുക്കറിലിട്ട് വേവിച്ചെടുക്കണം. ഉരുളക്കിഴങ്ങിന്റെ ചൂട് പോയി കഴിയുമ്പോൾ തോലെല്ലാം കളഞ്ഞ് നല്ല രീതിയിൽ പൊടിച്ചു വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം കടുകും, കടലപ്പരിപ്പും, ഉഴുന്നുപരിപ്പും,ഉണക്കമുളകും ഇട്ട് പൊട്ടിച്ചെടുക്കുക.കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ് എന്നിവ കറിയിൽ ചേർക്കുന്നത് വഴി കൂടുതൽ രുചി ലഭിക്കുന്നതാണ്. ശേഷം എണ്ണയുടെ കൂട്ടിലേക്ക് കുറച്ച് കറിവേപ്പിലയും, ഇഞ്ചി ചെറുതായി അരിഞ്ഞതും,പച്ചമുളകും ഇട്ട് ഒന്ന് വഴറ്റി എടുക്കുക.പിന്നീട് കനം കുറച്ച് അരിഞ്ഞെടുത്ത സവാള കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ വഴറ്റുക. സവാള വഴണ്ട് വന്നു കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് മിക്സ് ചെയ്ത് എടുക്കണം.
ശേഷം ഉരുളക്കിഴങ്ങ് പൊടിച്ചത് കൂടി ആ ഒരു കൂട്ടിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. കറിയിലേക്ക് ആവശ്യമായ വെള്ളം ചേർക്കുന്നതിന് മുൻപായി ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ അളവിൽ കടലപ്പൊടി എടുത്ത് അല്പം വെള്ളം കൂടി ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ കലക്കി എടുക്കുക. ഈയൊരു കൂട്ട് കറിയിൽ ഒഴിക്കുന്നത് വഴി രുചി കൂടുകയും കട്ടി കൂടി കിട്ടുകയും ചെയ്യുന്നതാണ്. ശേഷം തയ്യാറാക്കി വെച്ച കടലമാവിന്റെ കൂട്ടും കറിയിലേക്ക് ആവശ്യമായ വെള്ളവും ചേർത്ത് അടച്ചുവെച്ച് കറി വേവിച്ചെടുക്കാം. ഇപ്പോൾ നല്ല രുചികരമായ പൂരിയും മസാലക്കറിയും റെഡിയായി കഴിഞ്ഞു. ഈയൊരു രീതിയിൽ പൂരി തയ്യാറാക്കുമ്പോൾ അധികം എണ്ണ കുടിക്കാതെ എന്നാൽ ക്രിസ്പോടെ തന്നെ വറുത്തെടുക്കാൻ സാധിക്കുന്നതാണ്.ശേഷം തയ്യാറാക്കിവെച്ച പൂരിയും കറിയും ചൂടോടു കൂടി തന്നെ ഇത് സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Restaurant Style Poori Masala Credit : Fathimas Curry World