About Banana Flower Recipe
Banana Flower Recipe: നമ്മുടെയെല്ലാം നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി തയ്യാറാക്കാറുള്ള തോരനുകളിൽ ഒന്നായിരിക്കും വാഴക്കൂമ്പ് തോരൻ. ധാരാളം ഔഷധഗുണങ്ങളുള്ള വാഴകൂമ്പ് തോരൻ പല രീതികളിലും തയ്യാറാക്കാറുണ്ട്. ധാരാളം ഫൈബർ കണ്ടന്റ് അടങ്ങിയ ഒരു പച്ചക്കറി ആയതു കൊണ്ട് തന്നെ ആഴ്ചയിൽ ഒരു തവണയെങ്കിലും വാഴകൂമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ വാഴ കൂമ്പ് വൃത്തിയാക്കേണ്ട കാര്യം ആലോചിച്ചും, അതിന്റെ കറ കയ്യിലും മറ്റും പറ്റിപ്പിടിക്കുന്നതിനാലും പലരും ഇപ്പോൾ വാഴക്കൂമ്പ് ഉണ്ടാക്കാൻ മടിക്കുന്നവരാണ്. അതേസമയം കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചു കൊണ്ട് നല്ല രുചികരമായ ഒരു വാഴക്കൂമ്പ് തോരൻ വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingrediants
വാഴക്കൂമ്പ്- വലുത് ഒരെണ്ണം
സവാള- ഒരെണ്ണം
മുട്ട- 2 എണ്ണം
പച്ചമുളക്- 1 എണ്ണം
കറിവേപ്പില- 1 തണ്ട്
തേങ്ങ – 1 കപ്പ്
മഞ്ഞൾപൊടി -1/2 സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- 1 ടീസ്പൂൺ

How To Make Banana Flower Recipe
ആദ്യം തന്നെ വാഴക്കൂമ്പിന്റെ പുറത്തുള്ള ആവശ്യമില്ലാത്ത ഭാഗങ്ങളെല്ലാം പൂർണമായും കട്ട് ചെയ്ത് കളയണം. അതുപോലെ വാഴകൂമ്പ് തുറക്കുമ്പോൾ ആദ്യത്തെ പാളികളിൽ ഉള്ള പൂവും പൂർണമായും കളയേണ്ടതാണ്. ശേഷം വാഴക്കൂമ്പിന്റെ മുകൾഭാഗം കട്ട് ചെയ്ത് കളയുക. പിന്നീട് കൂമ്പിനെ രണ്ടായി പിളർന്ന് അതിന്റെ നടു ഭാഗത്തായി വരുന്ന കട്ടിയുള്ള ഭാഗം പൂർണമായും കളഞ്ഞെടുക്കണം. അതല്ലെങ്കിൽ തോരൻ ഉണ്ടാക്കുമ്പോൾ കയപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. വാഴക്കൂമ്പിലെ കറ പെട്ടെന്ന് പോകാനായി അരിഞ്ഞിടുമ്പോൾ അല്പം തൈര് കലക്കിയ വെള്ളത്തിൽ ഇട്ടുവച്ചാൽ മതിയാകും. കുറഞ്ഞത് അരമണിക്കൂറെങ്കിലും വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം മാത്രം വാഴക്കൂമ്പ് തോരൻ ഉണ്ടാക്കാനായി വെള്ളത്തിൽ നിന്നും വൃത്തിയാക്കി എടുക്കുക. വാഴക്കൂമ്പിന്റെ വെള്ളം പൂർണമായും കളഞ്ഞെടുത്തു കഴിഞ്ഞാൽ തോരൻ ഉണ്ടാക്കാനുള്ള കാര്യങ്ങൾ ചെയ്തെടുക്കാം. ആദ്യം തന്നെ രണ്ടു മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിന്റെ മഞ്ഞ മാത്രമായി മറ്റൊരു പാത്രത്തിലേക്ക് എടുത്തു വയ്ക്കാം. ശേഷം വാഴക്കൂമ്പിലേക്ക് ചെറുതായി അരിഞ്ഞെടുത്ത സവാള,പച്ചമുളക് എന്നിവയിട്ട് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക. വാഴകൂമ്പിലേക്ക് അല്പം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്,കറിവേപ്പില, തേങ്ങ വെളിച്ചെണ്ണ എന്നിവ കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക്
പൊട്ടിച്ചു വച്ച മുട്ടയുടെ വെള്ള കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കണം. മുട്ടയുടെ വെള്ള വാഴകൂമ്പിൽ ചേർത്തു കൊടുക്കുമ്പോൾ തോരൻ നല്ല രീതിയിൽ സോഫ്റ്റും, രുചിയുള്ളതും ആയി കിട്ടുന്നതാണ്. തയ്യാറാക്കി വെച്ച വാഴക്കൂമ്പ് ഒരു ഭാഗത്തേക്ക് മാറ്റി വയ്ക്കുക. ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകിട്ട് പൊട്ടിച്ച ശേഷം മിക്സ് ചെയ്തുവച്ച വാഴക്കൂമ്പിന്റെ കൂട്ട് അതിലേക്ക് ഇട്ട് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. തോരൻ നല്ലതുപോലെ വെന്തു വന്നു കഴിഞ്ഞാൽ കുറച്ചുനേരം തുറന്നു വെച്ച് വേവിക്കാം. ഈ സമയത്ത് ഉപ്പ് നോക്കി ഇല്ലെങ്കിൽ കുറച്ചു ചേർത്ത് കൊടുക്കാവുന്നതാണ് . തുറന്നുവെച്ച് വേവിച്ച് കുറച്ചുനേരം കഴിയുമ്പോൾ തന്നെ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വളരെയധികം രുചികരവും ഹെൽത്തിയുമായ വാഴക്കൂമ്പ് തോരൻ ഒരു തവണയെങ്കിലും ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കിയാൽ രുചി മനസ്സിലാകും. സാധാരണയായി വാഴക്കൂമ്പ് മാത്രമായോ അതല്ലെങ്കിൽ ചെറുപയർ, വൻപയർ എന്നിവയോടൊപ്പമോ ഒക്കെയായിരിക്കും മിക്ക വീടുകളിലും വാഴക്കൂമ്പ് തോരൻ തയ്യാറാക്കുന്നത്. എന്നാൽ ഈയൊരു രീതിയിൽ തയ്യാറാക്കുമ്പോൾ വാഴക്കൂമ്പിന് ഉണ്ടാകുന്ന കറയുടെ ചുവ പൂർണ്ണമായും മാറി കിട്ടുന്നതാണ്
അതുകൊണ്ടു തന്നെ കുട്ടികൾക്ക് എല്ലാം തീർച്ചയായും ഇഷ്ടപ്പെടും. മുട്ട ചേർക്കുന്നത് കൊണ്ട് തന്നെ ഫൈബർ കണ്ടന്റിനോടൊപ്പം പ്രോട്ടീനും നല്ല രീതിയിൽ ഭക്ഷണത്തിലേക്ക് ലഭിക്കുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
