About Egg Curry Recipe
Egg Curry Recipe:ചൂട് ചപ്പാത്തി, ആപ്പം,ചോറ് എന്നിങ്ങനെ വ്യത്യസ്ത ഭക്ഷണ സാധനങ്ങളോടൊപ്പമെല്ലാം ഒരേ രീതിയിൽ വിളമ്പാവുന്ന കറികളിൽ ഒന്നാണല്ലോ മുട്ടക്കറി. ഇതിൽ തന്നെ വറുത്തരച്ചതും, റോസ്റ്റ് രൂപത്തിലും, അല്ലാതെയുമൊക്കെ പല രീതികളിലും മുട്ടക്കറി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. മുട്ട ഉപയോഗിച്ച് തയ്യാറാക്കുന്ന കറികൾ വളരെയധികം പ്രോട്ടീൻ റിച്ചും അതുപോലെ രുചികരവും ആയതുകൊണ്ട് തന്നെ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ എല്ലാവർക്കും കഴിക്കാനും ഇഷ്ടമായിരിക്കും. മുട്ട വേവിച്ചെടുക്കുന്ന സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ കാര്യങ്ങൾ കൂടി ചെയ്തെടുക്കാം എന്നതാണ് മുട്ടക്കറി ഉണ്ടാക്കാൻ എല്ലാവർക്കും താൽപര്യമുള്ള കാര്യം. എന്നാൽ എല്ലാ പലഹാരങ്ങളോടൊപ്പവും ഒരേ രുചിയിലുള്ള മുട്ടക്കറികൾ തന്നെ ട്രൈ ചെയ്യുമ്പോൾ അത് പെട്ടെന്ന് മടുപ്പ് ഉണ്ടാക്കാറുണ്ട്. അതിൽ നിന്നെല്ലാം കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു മുട്ടക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants
മുട്ട – ആറെണ്ണം
സവാള-2 എണ്ണം
പച്ചമുളക്-3 എണ്ണം
ഇഞ്ചി വെളുത്തുള്ളിപേസ്റ്റ് – ഒരു ടീസ്പൂൺ
തക്കാളി- ഒരെണ്ണത്തിന്റെ പകുതി
കശുവണ്ടി-5 എണ്ണം
കുരുമുളകുപൊടി-1 സ്പൂൺ
ഗരം മസാല -1/2 ടീസ്പൂൺ

How To Make Egg Curry Recipe
സാധാരണ തയ്യാറാക്കുന്ന മുട്ടക്കറികളിൽ നിന്നും കുറച്ച് വ്യത്യസ്തമായാണ് ഈ ഒരു മുട്ടക്കറി തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ പൊടികളുടെ എണ്ണം കുറവും വെള്ളനിറത്തിലും ആയിരിക്കും ഈ ഒരു കറി തയ്യാറാക്കി വരുമ്പോൾ ഉണ്ടായിരിക്കുക. ആദ്യം തന്നെ കറിയിലേക്ക് ആവശ്യമായ മുട്ട വേവിച്ചെടുത്ത് അത് ചൂടാറാനായി മാറ്റി വയ്ക്കാം. ഒരു കാരണവശാലും മുട്ട വേവിച്ച് ചൂടു പോകുന്നതിനു മുൻപ് തോട് കളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പകുതി തോട് മുട്ടയിൽ തന്നെ പറ്റിപ്പിടിച്ചിരിക്കുകയും മുട്ടയുടെ ഷേയ്പ്പ് പൂർണമായും പോകാനുള്ള സാധ്യതയുമുണ്ട്. മുട്ട വേവിച്ച് തണുപ്പിക്കാനായി വെച്ചതിനുശേഷം കറിയിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുത്ത സവാളയും പച്ചമുളകും അതിലേക്ക് ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. ഈയൊരു കൂട്ടിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് ഒന്നുകൂടി വഴറ്റിയെടുക്കുക. ശേഷം എടുത്തുവച്ച കശുവണ്ടി കൂടി ഉള്ളി യോടൊപ്പം ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. ഈ ഒരു കൂട്ടിന്റെ ചൂടൊന്ന് ആറാനായി മാറ്റിവയ്ക്കാം. ചൂടാറിയതിനു ശേഷം മാത്രമേ ഈ കൂട്ട് അരച്ചെടുക്കാനായി പാടുകയുള്ളൂ.
ഈ സമയം കൊണ്ട് പാൻ വീണ്ടും അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ചെറിയ ക്യൂബ് ബട്ടർ ഇട്ട് ചൂടാക്കി എടുക്കുക. അതിലേക്ക് അല്പം വെളുത്തുള്ളി കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. നേരത്തെ തയ്യാറാക്കി വെച്ച ഉള്ളിയുടെ കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ഉള്ളിയുടെ പേസ്റ്റ് ബട്ടറിനോടൊപ്പം ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് അരിഞ്ഞു വെച്ച തക്കാളി കൂടി ചേർത്ത് ഒന്നുകൂടി ചൂടാക്കി എടുക്കണം. ശേഷം കുരുമുളകുപൊടിയും ഗരംമസാലയും കറിയിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ പുഴുങ്ങി വെച്ച മുട്ടയുടെ തോടെല്ലാം കളഞ്ഞ് വൃത്തിയാക്കിയ ശേഷം കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. വളരെയധികം രുചികരവും കാണാൻ അല്പം വ്യത്യസ്തവുമായ ഈ ഒരു മുട്ടക്കറി ആപ്പം, ചപ്പാത്തി, ഗീ റൈസ് എന്നിവയോടൊപ്പമെല്ലാം സെർവ് ചെയ്യാവുന്നതാണ്. സ്ഥിരമായി ഒരേ രീതിയിൽ തന്നെ മുട്ടക്കറി തയ്യാറാക്കുമ്പോൾ ഉണ്ടാകുന്ന മടുപ്പ് ഒഴിവാക്കാനായി ഈ ഒരു രീതിയിൽ മുട്ടക്കറി തയ്യാറാക്കി നോക്കാവുന്നതാണ്. മാത്രവുമല്ല അധികം എരിവൊന്നും ഇല്ലാത്ത കറി ആയതുകൊണ്ട് തന്നെ കുട്ടികൾക്കെല്ലാം ഇത് വളരെയധികം ഇഷ്ടമാവുകയും ചെയ്യും.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
