Fish Curry Without Coconut : ഉച്ചഭക്ഷണത്തിന് ചോറിനോടൊപ്പം മീൻ കറി ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. വ്യത്യസ്ത തരത്തിലുള്ള മീനുകൾ ഉപയോഗപ്പെടുത്തി പല രീതികളിൽ ആയിരിക്കും ഓരോ സ്ഥലത്തും മീൻ കറി തയ്യാറാക്കുന്നത്. എടുക്കുന്ന മീനിന്റെ രീതി അനുസരിച്ച് ഉണ്ടാക്കുന്ന കറിയുടെ രുചിയും മാറാറുണ്ട്. കൂടാതെ മീൻ മുളകിട്ടത്, വറുത്തരച്ചത്, തേങ്ങ അരച്ചത് എന്നിങ്ങനെ പല രീതികളിൽ വ്യത്യസ്ത രുചികളിൽ മീൻ കറി ഉണ്ടാക്കി പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന തേങ്ങ ഉപയോഗിക്കാത്ത കുറുകിയുള്ള ഒരു മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
- മീൻ – ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം
- മുളകുപൊടി – ഒന്നര ടേബിൾസ്പൂൺ
- മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ചെറിയ ഉള്ളി- അഞ്ചു മുതൽ ആറെണ്ണം വരെ
- കുടംപുളി- രണ്ടു മുതൽ മൂന്നെണ്ണം വരെ
- ഇഞ്ചി- ഒരു വലിയ കഷണം
- വെളുത്തുള്ളി- നാലു മുതൽ 5 എണ്ണം വരെ
- തക്കാളി – നന്നായി പഴുത്ത ഒരെണ്ണം
- പച്ചമുളക്- രണ്ടു മുതൽ മൂന്നെണ്ണം വരെ
- കറിവേപ്പില – 2 തണ്ട്
- വെളിച്ചെണ്ണ – ആവശ്യത്തിന്
ആദ്യം തന്നെ കറിയിലേക്ക് ആവശ്യമായ ചെറിയ ഉള്ളി,ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാം. ശേഷം ഒരു മൺചട്ടി അടുപ്പത്ത് വച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച ചെറിയ ഉള്ളിയിൽ നിന്നും ഒരു പിടി,ഇഞ്ചി, വെളുത്തുള്ളി, രണ്ട് പച്ചമുളക് എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റി എടുക്കുക. ഈയൊരു സമയത്ത് ഒരു തണ്ട് കറിവേപ്പില കൂടി മസാല യോടൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്. ഉള്ളി നല്ല രീതിയിൽ വഴണ്ട് നിറം മാറി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പും,കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യാവുന്നതാണ്. ശേഷം തക്കാളി കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ല രീതിയിൽ വെന്തുടയുന്നത് വരെ അടച്ചു വെച്ച് വേവിക്കണം.പിന്നീട് ആവശ്യത്തിനുള്ള മുളകുപൊടി കൂടി തക്കാളി യോടൊപ്പം ചേർത്ത് പച്ചമണം പോയി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു കൂട്ട് അരച്ചെടുക്കാനായി ചൂട് മാറുന്നതു വരെ വെയിറ്റ് ചെയ്യാം.അരപ്പിന്റെ ചൂടെല്ലാം മാറിക്കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. വീണ്ടും സ്റ്റൗ ഓൺ ചെയ്ത് മൺചട്ടി അതിലേക്ക് വെച്ച് അരച്ചുവെച്ച അരപ്പ് ചേർത്ത് ആവശ്യത്തിന്
വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. നേരത്തെ മാറ്റിവെച്ച് പച്ചമുളക് നിന്നും രണ്ടെണ്ണം കൂടി ഒരു സമയത്ത് ചേർത്തു കൊടുക്കാം. അരപ്പ് നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കുടംപുളി, കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ തിളപ്പിക്കണം. ശേഷം എടുത്തുവച്ച മീൻ കഷണങ്ങൾ കൂടി കറിയിലേക്ക് ഇട്ട് അൽപനേരം അടച്ചുവെച്ച് വേവിക്കാം.മീൻ നല്ല രീതിയിൽ വെന്തുവരുന്ന സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം നേരത്തെ മാറ്റിവെച്ച ചെറിയ ഉള്ളിയുടെ ബാക്കി കഷണങ്ങൾ, കറിവേപ്പില, കാൽ ടീസ്പൂൺ മുളകുപൊടി എന്നിവ കൂടി ചേർത്ത് ഒന്ന് ചൂടാക്കി എടുക്കുക. ഈയൊരു കൂട്ടുകൂടി കറിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ചൂട് ചോറിനൊപ്പം സെർവ് ചെയ്യാവുന്ന രുചികരമായ ഒരു ഫിഷ് കറി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.മാത്രമല്ല എല്ലാദിവസവും ഒരേ രുചിയിലുള്ള മീൻ കറികൾ ഉണ്ടാക്കി മടുത്തവർക്ക് ഒരിക്കലെങ്കിലും ഈ ഒരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടാതെ തേങ്ങ ഇല്ലാത്ത സന്ദർഭങ്ങളിലും ഈ ഒരു മീൻ കറി തയ്യാറാക്കി നോക്കാം.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Fish Curry Without Coconut Credit : Nimshas Kitchen